Sunday, March 3, 2013

ആരവങ്ങള്‍ക്കിടയില്‍ മറന്നുവച്ചേക്കാവുന്നത്


 ട്രെയിന്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ കാത്തിരിക്കണമെന്ന അറിയിപ്പു വന്നപ്പോള്‍ സാധാരണ എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നതുപോലെ ആരോടോ തോന്നുന്ന ദേഷ്യമോ ക്ഷമകേടിന്റെ ദീര്‍ഘനിശ്വാസമോ ഒന്നും ഉണ്ടായില്ല. ഏതാനും മണിക്കൂറുകള്‍കൊണ്ടു മാത്രം ഇത്രയും പക്വത കൈവന്നോ എന്നു ഞാന്‍ സ്വയം അത്ഭുതപ്പെട്ടു. കാണുന്ന ഓരോ കാഴ്ചകളും കേള്‍ക്കുന്ന ഓരോ ശബ്ദങ്ങളും -അത് അത്യന്തം വിരസമായിരുന്നാല്‍പ്പോലും- എന്നെയിപ്പോള്‍ അലോസരപ്പെടുത്തുന്നേയില്ല എന്നു ഞാന്‍ സ്വയം നിരീക്ഷിച്ചു. പ്ലാറ്റ്‌ഫോമില്‍ തമ്പടിച്ചിരിക്കുന്ന നാടോടിക്കൂട്ടത്തിന്റെ ബഹളമല്ലാതെ കാര്യമായിട്ടൊന്നും അവിടെ ശ്രദ്ധിക്കാന്‍ തക്കവിധം ഉണ്ടായിരുന്നില്ല. വൃത്തിയില്ലാതെ മൂക്കളയൊലിപ്പിച്ച് ഉടുതുണിയില്ലാത്ത ഒരു രണ്ടുവയസ്സുകാരന്‍ ചെക്കന്‍ , മഴ പെയ്തു കെട്ടിക്കിടക്കുന്ന പ്ലാറ്റ്‌ഫോമിലെ വെള്ളത്തില്‍ കൈകൊണ്ടടിച്ച് രസിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു നാടോടിപ്പെണ്ണ്, അവന്റെ ഒരു അര വയസ്സിലെ കാര്‍ബണ്‍കോപ്പിക്ക് മുലകൊടുക്കുന്നുണ്ടായിരുന്നു. അവളുടെ ശോഷിച്ച്, കറുത്ത മുലയില്‍ ചപ്പിച്ചപ്പി ആര്‍ത്തിയോടെ ചുണ്ടമര്‍ത്തുന്ന ഇത്തിരിക്കോലം. തൊട്ടപ്പുറത്ത് നെറുകയില്‍ ഇത്തിരി മുടി റബ്ബര്‍ബാന്‍ഡിട്ട് കെട്ടി ഒരു അഞ്ചുവയസ്സുകാരി ഒരിലപ്പൊതിയിലെ ഇത്തിരിച്ചോറില്‍ കയ്യിട്ട് കുഴയ്ക്കുന്നു. ഇടയ്‌ക്കൊക്കെ വെള്ളത്തിലടിച്ച് രസിക്കുന്ന ചെറുക്കന് ഊട്ടിക്കൊടുക്കുന്നു.

ഞാനും ഊട്ടിക്കൊടുത്തിട്ടുണ്ട് ഇങ്ങനെ, എന്റെ അനിയന്മാര്‍ക്ക്. രണ്ടും കുസൃതികളായിരുന്നു ചെറുപ്പത്തില്‍. കൈകടിച്ച് മുറിച്ചിട്ടുണ്ട് ചിലപ്പോഴൊക്കെ.എനിക്കും ഊട്ടിത്തരാറുണ്ടായിരുന്നു, അമ്മ ഇപ്പഴും. പരീക്ഷച്ചൂടില്‍ കഴിക്കാന്‍പോലും സമയമില്ലാത്തപ്പോഴും അസൈന്‍മെന്റ്‌സിന്റെ ഇടയില്‍ക്കിടന്ന് വിശപ്പു മറക്കുമ്പോഴുമൊക്കെ വാരിത്തരുന്നത് അമ്മയാണ്. എത്ര മതിയെന്ന് പറഞ്ഞാലും മുഴുവന്‍ കഴിപ്പിച്ച് വിടുന്ന അമ്മ.

പാടില്ല.... അമ്മ, അച്ഛന്‍ സെന്റിമെന്‍സൊന്നും ഇനി പാടില്ല. ഇരുപത്തിരണ്ടാം വയസ്സിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ബുദ്ധിയുമുള്ള, എല്ലാത്തിലുമുപരി നാടുവിട്ടോടിപ്പോവാന്‍ വേണ്ടി പെട്ടിയെടുത്തു വന്നിരിക്കുന്ന ഒരു പെണ്‍കുട്ടി ഒരിക്കലും ഇങ്ങനെ ചിന്തിക്കാനേ പാടില്ല. എഴുത്തുകാരിയാവുക എന്ന എന്റെ ആഗ്രഹത്തിനു പുല്ലുവിലപോലും കല്‍പിക്കാതെ തികച്ചും യാഥാസ്ഥിതികനായ ഒരു പണച്ചാക്കിനെക്കൊണ്ട് കെട്ടിച്ച് എന്നെ ഒഴിവാക്കുക എന്ന ഭീകരകൃത്യം ചെയ്യാന്‍ ശ്രമിച്ച അവരെ ശത്രുക്കളായി മാത്രേ കാണാവൂ. മറിച്ച് ചിന്തിച്ചാല്‍ ഭാവിയില്‍ എന്റെ ചിന്താധാരയില്‍ നിന്നുറവെടുക്കുന്ന മഹത്കൃത്യങ്ങള്‍ക്ക് ജന്മമേകാന്‍ വെള്ളപ്പേപ്പറുകള്‍ക്ക് ഭാഗ്യമില്ലാതെ പോവും. മലയാള സാഹിത്യശാഖയോട്, യുവതലമുറയില്‍പ്പെട്ട എന്നെപ്പോലൊരു പ്രതിബദ്ധതയുള്ള പെണ്‍കുട്ടി കാണിക്കുന്ന അനീതി.... ഹൊ! എനിക്കതാലോചിക്കാന്‍ കൂടി പറ്റില്ല.

പ്ലാറ്റ്‌ഫോമില്‍ ആരോ എറിഞ്ഞിട്ടുപോയ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കൊത്തിവലിച്ചുകൊണ്ടിരുന്ന കാക്കകളിലൊന്ന് പറന്നെന്‍റെ തലയ്ക്ക് മുകളിലൂടെ പോയപ്പോഴാണ് ട്രെയിന്‍ വന്നത് ഞാനറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗെടുത്ത് ആദ്യം തോളത്തിട്ട്, വസ്ത്രങ്ങളടങ്ങിയ ബാഗ് കയ്യില്‍ തൂക്കിപ്പിടിച്ച് വേഗം ഓടിക്കയറി. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ സുഖം, സ്വസ്ഥം. സീറ്റ് കിട്ടിയതും വേഗം ഇരുന്നു.

ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. നാടോടിപ്പെണ്ണും മൂന്നു മക്കളും ഡോറിനടുത്ത് ഇരിക്കുന്നുണ്ട്. മഞ്ഞച്ചേലയില്‍ കറുകറുത്ത ആ പെണ്ണിന്റെ രൂപം ശരിക്കും എടുത്തു കാണിച്ചു. അഞ്ചുവയസ്സുകാരി ഒരു അബാക്കസും കയ്യില്‍പ്പിടിച്ച് എണ്ണിക്കൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍, കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കാണുന്ന സ്വപ്നമാണ് മനസ്സിലേക്കോടിയെത്തിയത്. കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ രൂപം. സായാഹ്നത്തിന്റെ പ്രഫുല്ലത മുഴുവനും ഒളിപ്പിക്കാതെ പ്രതിഫലിപ്പിക്കുന്ന പഞ്ചാരമണല്‍ത്തരിയില്‍ മുട്ടുകുത്തിയിരുന്ന് കടലിലേയ്ക്ക് നോക്കി ഏകാഗ്രതയോടെ തിരയെണ്ണിക്കൊണ്ടിരിക്കുന്ന അവളെനിക്ക് ഒരിക്കല്‍പ്പോലും മുഖം തന്നിട്ടില്ല. മറന്നുപോയ സ്വപ്നത്തുടക്കങ്ങള്‍ക്കിടയിലേക്ക് ഉത്തരം കിട്ടാത്ത സമസ്യപോലെ ഒരു സ്വപ്നപ്പെണ്‍കുട്ടി....

'എന്റമ്മേ...... !!'
ഒരു അലര്‍ച്ച തൊട്ടടുത്തുനിന്ന് എന്റെ കാതു തുളച്ചു. നേരെ നോക്കിയപ്പോള്‍ കണ്ടത് കടും റോസ് ലിപ്സ്റ്റിക്കിട്ട രണ്ടു തടിച്ച ചുണ്ടുകളും ഏകദേശം മുപ്പത്തിരണ്ടെണ്ണം വന്നേക്കാവുന്ന ഒരു സെറ്റ് പല്ലുകളുമായിരുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് വീണു കിടക്കുന്നു. മഞ്ഞച്ചേലക്കാരിപ്പെണ്ണ് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ഇളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. മേലെ കയറ്റാന്‍ നോക്കിയ ഭാണ്ഡം നിലതെറ്റി വീണത് അവരുടെ തലയിലേയ്ക്കായിരുന്നു.
'ബ്ലഡി ഇഡിയറ്റ്‌സ ഹൗ ഡെയര്‍ യൂ.. ഓ..മൈ.. '
ബാക്കി എന്തൊക്കെയോ കൂടി കേട്ടപ്പോ എനിക്കെന്തൊക്കെയോ കൂടി തോന്നിയതുകൊണ്ട് സൈഡിലെ വിന്‍ഡോസീറ്റിലേക്ക് മാറിയിരുന്നു. മഞ്ഞപ്പെണ്ണ് വെറുതെ ഒരു ഇളിഞ്ഞ ചിരിയും ചിരിച്ച് ഡോറിനടുത്തേയ്ക്ക് മുങ്ങി. പക്ഷേ  സ്ത്രീ  വിടാന്‍ ഭാവമില്ലായിരുന്നു. ഡോറിനടുത്തേയ്ക്ക് ചെന്ന് പിന്നെയും ചീത്തവിളിക്കാന്‍ തുടങ്ങി. അഞ്ചുവയസ്സുകാരി പെണ്‍കുട്ടി എണീറ്റത് കണ്ടതുമാത്രം ഓര്‍മ്മയുണ്ട്. കനത്ത ഇരുമ്പിന്റെ വാതിലിനപ്പുറത്തേക്ക് ഒരു കരിയിലപോലെ അവള്‍ പറന്നുപോവുന്നതും ആരൊക്കെയോ ബഹളം വെയ്ക്കുന്നതും ചങ്ങല വലിയ്ക്കുന്നതം എല്ലാം ബോധത്തോടെയല്ല ഞാന്‍ കേട്ടത്.
മഞ്ഞച്ചേല താഴെ തലകറങ്ങി വീണത് ചാടിക്കടന്ന് വേഗം ട്രെയിന്‍ നിര്‍ത്തിയിടത്തേക്കിറങ്ങി.. എന്‍റെ നാട്.. എന്‍റെ റെയില്‍വേസ്റ്റേഷന്‍, ഇറങ്ങി ഒരൊറ്റ ഓട്ടമായിരുന്നു...
വീട്ടിലേക്കുള്ള ബസ് പിടിക്കണം.

ഇപ്പോഴെനിക്കറിയാം.
കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരുന്നതാരാണെന്ന്....
അവളുടെ മുഖമെനിക്ക് കാണാം....

No comments:

Post a Comment